പേജുകള്‍‌

2013, ഓഗസ്റ്റ് 10, ശനിയാഴ്‌ച

മുളകുചെടിയും വൃദ്ധസദനങ്ങളും




ഞാൻ കഴിഞ്ഞതവണ നാട്ടിൽ പോയപ്പോൾ പാലക്കാട് വടക്കഞ്ചേരി ടൌണിൽ പച്ചക്കറി കടകളിൽ പച്ചയും ചുവപ്പും വെളുപ്പും കളറുള്ള മുളകുകൾ കാണാനിടയായി.  എന്തൊരു ഭംഗിയാണ് കാണാൻ.  ആവിശ്യമില്ലങ്കിൽപോലും ആരും വാങ്ങിപ്പോകും അത്രയ്ക്ക് മനോഹരമായിരുന്നു.  ഡൽഹിയിലേക്കു തിരിച്ചു വരുന്ന ദിവസം കുറച്ച്  മുളക് വാങ്ങി ബാഗിൽ വെച്ചു. 

ഡൽഹിയിൽ എന്റെ ഫ്ലാറ്റിൻറെ  ബാൽക്കണിയിൽ അഞ്ചു പൂച്ചട്ടികൾ  വെച്ചിട്ടുണ്ട്.  പൂച്ചട്ടികൾ എന്ന് പേരെ ഉള്ളു ഒന്നിൽ കറിവേപ്പിന്റെ തൈ, രണ്ടെണ്ണത്തിൽ തുളസി, ഒന്നിൽ  ഒരു ഔഷധച്ചെടി പിന്നെ ഒന്നിൽ മണിപ്ലാന്ടു .  നാട്ടിൽനിന്നും തിരിച്ചു വന്നപ്പോൾ തുളസിയും കറിവേപ്പും  ഉണങ്ങിപ്പോയി.  നാട്ടിൽ നിന്നും വാങ്ങിയ മുളകിൻറെ ബീജങ്ങളും ഉണങ്ങിയ തുളസ്സിപ്പൂക്കളും ഒരു ചട്ടിയിൽ പാകി.  എന്നും വെള്ളമൊഴിച്ച് മുളപോട്ടുന്നതും നോക്കി കാത്തിരുന്നു.  കുറച്ചു ദിവസത്തെ കാത്തിരിപ്പിനുശേഷം അത് സംഭവിച്ചു ചെറിയ ചെറിയ പച്ചപ്പുകൾ പുറത്തോട്ടു  വന്നു.  അതിൽ മുളകേത് തുളസ്സിയേത് എന്നൊന്നും ആദ്യം മനസ്സിലായില്ലെങ്കിലും ഒരാഴ്ചയ്ക്ക്ശേഷം തിരിച്ചറിയാൻ തുടങ്ങി. 

പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട് ഒരു കുട്ടി ജനിച്ചാൽ കുറെ ദിവസത്തേക്ക് അച്ഛന്റെ മുഖച്ഛായയാണോ അതോ അമ്മയുടെതോ എന്നൊന്നും പറയാൻ ഒക്കത്തില്ല കാരണം ദിവസവും മുഖച്ഛായ മാറിക്കൊണ്ടിരിക്കുമത്രേ.  ഒരു വർഷം കഴിയുമ്പോൾ എല്ലാ കുട്ടികളും സുന്ദരൻമാരും സുന്ദരികളുമായിരിക്കും.  ചില അച്ഛനും അമ്മയും ആ പ്രായത്തിലുള്ള കുട്ടികളുടെ ഫോട്ടോ എടുത്ത് വലുതാക്കി ഫ്രെയിം ചെയ്യിപ്പിച്ച് എട്ടുപത്തെണ്ണം ഡ്രോയിംഗ് റൂമിന്റെ ചുമരുകളിൽ പ്രദർശനത്തിന് വെക്കും.  കാലം കുറച്ചു കഴിയുമ്പോൾ കുട്ടികൾ അച്ഛന്റെയും അമ്മയുടെയും ച്ഛായയിലേക്ക്  പരിണാമം സംഭവിക്കും പിന്നെ ആ ഫോട്ടോയിലേക്ക്‌ നോക്കി നെടുവീർപ്പിട്ടുകൊണ്ട് പറയും എങ്ങിനെയിരുന്നതാ എൻറെ മോൻ/ മോള്. 

ഞാനും എന്റെ മുളകുചെടികളെ നോക്കി സന്തോഷിച്ചു എന്തൊരു ഓമനത്വം.  മുലകുചെടിയും തുളസ്സിചെടിയും തിരിച്ചറിഞ്ഞപ്പോൾ സ്നേഹത്തോടെ തുളസ്സിചെടി പറിച്ചെടുത്ത്‌ മറ്റൊരു ചട്ടിയിൽ നട്ടു.   മുളകുചെടികളുടെ വളർച്ച വളരെ പെട്ടന്നായിരുന്നു.  തളിർത്തുനില്ക്കുന്ന ഇലകൾ ദൽഹിയിലെ 46 ഡിഗ്രി ചൂടിൽ വാടിപ്പോകാതെ എന്നും വെള്ളമൊഴിച്ചും കീടങ്ങൾ കയറാതെ ഓരോ ഇലയും ദിവസവും പരിശോധിച്ചും ഞാൻ കാത്തിരുന്നു.  രണ്ടു  മുളകുചെടികളെ സംരക്ഷിക്കാൻ  എനിക്കുണ്ടാകുന്ന  ടെൻഷൻ  ഓർത്ത് ചിലപ്പോഴൊക്കെ ഞാൻ ചിരിച്ചു.  എട്ടു മക്കളെ വളർത്തിയ എന്റെ അമ്മയേയും അതുപോലെയുള്ള അമ്മമാരേയും നമിക്കാതെ വയ്യ. 

മുളകുചെടികൾ വളർന്നു വലുതായി.  ഒരു ഞായറാഴ്ച്ച രാവിലെ അവയ്ക്ക് വെള്ളമൊഴിച്ച് ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ എന്റെ ഭാര്യ വന്നു പറഞ്ഞു "ഈ മുളകുചെടികൾ ആണ്‍ചെടികളാണെന്ന് തോന്നുന്നു ഒന്നു പൂക്കുകപോലും ചെയ്യാതെ കണ്ടില്ലേ നാണമില്ലാതെ നിൽക്കുന്നത്.  പ്രസവിക്കാനും മുട്ടയിടാനുമൊക്കെ സ്ത്രീവരഗത്തിന് മാത്രമേ കഴിയു എന്ന ചെറിയ അഹങ്കാരം അവളുടെ സംസാരത്തിലും ചിരിയിലും കലർന്നിരുന്നില്ലെ എന്നൊരു സംശയം എനിക്കുണ്ടായെങ്കിലും ഞായറാഴ്ച് ഒരു തർക്കത്തിൽ തുടങ്ങേണ്ട എന്ന് കരുതി ഞാനൊന്നും മിണ്ടിയില്ല.  ഭാര്യ അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ ആ മുളകുചെടികളെ നോക്കി എവിടെ, ഒരു കൂസലും ഇല്ലാതെ കാറ്റിൽ ഇലകളൊക്കെ അനക്കി ഗാമ്പീര്യത്തോടെ നിൽക്കുന്നു ആണുങ്ങൾക്ക് അപമാനമുണ്ടാക്കാൻ പിറന്ന ശുംപൻമാർ. 

നാളുകൾ പിന്നെയും കഴിഞ്ഞു.  ആദ്യമുണ്ടായ ഇലകൾ പഴുക്കുകയും കൊഴിയുകയും ചെയ്തു അതോടൊപ്പം തന്നെ പുതിയ തളിരിലകൾ കിളിർക്കുകയും ചെയ്തു.  പ്രതീക്ഷ കൈവിടാതെ എന്നും ഞാൻ വെള്ളം കൊടുത്തുകൊണ്ടേയിരുന്നു.  എന്നങ്കിലുമൊരുനാൾ പൂവിടുമെന്നും പച്ചയോ വെളുത്തതോ കളറുള്ള ഒരുപാട് മുളകുകൾ ഉണ്ടാകുകയും ചെയ്യുമെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു.  അത് ഇപ്പോഴും തുടരുന്നു. 

മക്കളെക്കണ്ടും മാമ്പൂകണ്ടും കൊതിക്കരുത്‌ എന്ന പഴമക്കാരുടെ ചൊല്ലും അനുഭവവും വെറുതെ ഓർത്തു.  

കേരളത്തിൽ  വൃദ്ധസദനങ്ങൾ  വളരെ പെട്ടന്ന്  പെരുകുന്നു.  ഇതേക്കുറിച്ച് ധാരാളം പേർ  കാര്യകാരണങ്ങൾ നിരത്തി പല രൂപത്തിൽ എഴുതിയിട്ടുണ്ട്.  ഞാൻ എന്റെ അഭിപ്രായമാണ് എഴുതുന്നത് എന്നിലൂടെ .  

എന്റെ ഭാര്യ ഗർഭിണിയാണെന്ന്  അറിഞ്ഞപ്പോൾ തുള്ളിച്ചാടാനോ അവളെ പൊക്കിയെടുത്ത്  അന്തരീക്ഷത്തിൽ രണ്ടു കറക്ക്‌ കറക്കാനോ ഒന്നും എനിക്ക് തോന്നിയില്ല.  അമ്മയാകാൻ പോകുന്നു എന്ന  സന്തോഷം അവളുടെ മുഖത്ത് കണ്ടപ്പോൾ എനിക്കും സന്തോഷം തോന്നി.  ആദ്യത്തെ പെണ്ക്കുട്ടിയാണ്  എന്നറിഞ്ഞപ്പോൾ പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല .  ഞാൻ ഒരു അച്ഛനായി ഇനി ചിലവുകൾ കൂടും എന്ന് ചിന്തിച്ചു .  മകൾ  വളരാൻ തുടങ്ങിയപ്പോൾ അവളുമായി ഒരു മാനസിക അടുപ്പം ഉണ്ടാകാൻ തുടങ്ങി അതിന്  സ്നേഹമെന്നോ  വാൽസല്യമെന്നൊ ഒക്കെ പറയാം .  ഞാൻ തിന്നുന്നതെന്തും  ചവച്ചരച്ച്  പല്ലില്ലാത്ത മോണ  കാട്ടി ചിരിക്കുന്ന അവളുടെ വായിൽ വെച്ചുകൊടുത്തു.  സ്കൂളിൽ ചേർത്തപ്പോൾ ഒരിക്കലും അവളെ അടിച്ചും നിർബന്ധിച്ചും പഠിപ്പിച്ചില്ല കാരണം ഒരു പെണ്ക്കുട്ടിക്കു സന്തോഷത്തോടെ സ്വാതന്ത്രത്തോടെ  ജീവിക്കാൻ കഴിയുന്ന കാലം ബാല്യം മാത്രമാണ് .  അവർ പഠിക്കുന്നു വളരുന്നു. എനിക്കറിയില്ല ഞാൻ എത്ര കാലം ജീവിക്കും എന്ന് അഥവാ ഒരുപാട് പ്രായമായി പരസഹായം കൂടാതെ ജീവിക്കാൻ ആവില്ല എന്ന  അവസ്ഥയിൽ എത്തിയാൽ വല്ലപ്പോഴും വന്നൊന്നു കാണാൻ സ്നേഹത്തോടെ എന്റെ സൂഷ്ക്കിച്ച കൈകളിൽ  ഒന്നു  തലോടാൻ അവർക്ക്  സാധിക്കുമോ എന്നും അറിയില്ല.  അവർക്ക്  അവരുടെ ജീവിതമാണ് വലുത് അവരുടെ മക്കളുടെ ഭാവിയാണ് വലുത് അതുകൊണ്ട് ഞാനിപ്പോൾ കേരളത്തിലെ വൃദ്ധസദനങ്ങൾ വെറുതെ ഗൂഗിളിൽ സെർച്ച് ചെയ്തുകൊണ്ടിരിക്കുന്നു .  വൃദ്ധസദനങ്ങൾ വേണം അവിടെ പ്രായമായ ചിന്തകൾ ഒത്തുകൂടണം അവസാന നാളുകളിൽ പരസ്പ്പരം സ്നേഹിക്കാനും സഹായിക്കാനും കഴിയണം ആർക്കാണ് ലക്ഷ്യസ്ഥാനമെന്ന മരണത്തിലേക്ക് ആദ്യം എത്താൻ കഴിയുക എന്നൊരു മത്സരബുദ്ധിയോടെ.   

നമ്മൾ ഇന്ന് നമ്മളുടെ മക്കൾക്കുവേണ്ടി നെട്ടോട്ടമോടുന്നതുപോലെ അവരും അവരുടെ മക്കൾക്കുവേണ്ടി ഓടട്ടെ ...  

പൂക്കാത്ത  കായ്ക്കാത്ത ആ  മുളകുചെടികൾക്ക് ഇപ്പോഴും എന്നും ഞാൻ വെള്ളമൊഴിച്ചുകൊണ്ടിരിക്കുന്നു  എന്നെങ്കിലും പൂക്കും കായ്ക്കും എന്ന പ്രതീക്ഷയോടെ.